പയ്യന്നൂര്‍: നൂറ്റിയൊന്നാം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച് പയ്യന്നൂര്‍ കൊറ്റിയിലെ കീര്‍ത്തിയില്‍ കരുണാകരന്. ഹൃദയശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്നുള്ള ആശങ്കകളെല്ലാം തള്ളിയാണ് അദ്ദേഹം കൊവിഡിനോട് പൊരുതി വിജയം കൈവരിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്.
കഴിഞ്ഞ അഞ്ചിനാണ് കരുണാകരനെ വൈറസ് ബാധയെ തുടര്‍ന്ന് പയ്യന്നൂരിലെ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് പിടികൂടിയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. വീട്ടിലുള്ള മറ്റംഗങ്ങള്‍ക്ക് കോവിഡ് ലക്ഷണവുമില്ലായിരുന്നു.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കിയ ആത്മവിശ്വാസത്തിലാണ് ചികിത്സ തുടര്‍ന്നതെന്ന് മകന് പ്രഭാകരന് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. മരുന്നിനൊപ്പം ഇദ്ദേഹത്തിന്റെ ആത്മവിശ്വാസവും തുണയായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരോടും മറ്റു ജീവനക്കാരോടും കൈകൂപ്പി നന്ദിപറഞ്ഞാണ് കരുണാകരന് വീട്ടിലേക്ക് തിരിച്ചത്.