പാലക്കാട്: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. പിണറായി ഒഴികെ മറ്റാര്‍ക്കും രണ്ടാമൂഴം നല്‍കിയിട്ടില്ല. ഇപ്പോഴിതാ കെ കെ ശൈലജയെ ഒഴിവാക്കിയ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്.
ശൈലജ ടീച്ചറിന് ലഭിക്കുന്ന ജനസ്വീകാര്യതയില്‍ പിണറായി വിജയന് അസൂയയാണെന്ന് ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചു. പുതുമുഖമാവുകയാണ് മാനദണ്ഡമെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് മാനദണ്ഡം ബാധകമായില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
‘എല്ലാം പാര്‍ട്ടി തീരുമാനമാണെങ്കില്‍ ആ തീരുമാനത്തില്‍ പിണറായി ഉള്‍പ്പെടില്ലേ? പിണറായി പാര്‍ട്ടിക്ക് അതീതനാണോ?’- ശോഭ സുരേന്ദ്രന് ചോദിച്ചു. മന്ത്രിമാരെ തീരുമാനിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെങ്കില്‍ കൂടി പിണറായിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് ശൈലജയെ ഒഴിവാക്കിയതിലൂടെ പുറത്തു വരുന്നതെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആരോഗ്യ മന്ത്രി പൊതുസമൂഹത്തോട് പറയേണ്ട കാര്യങ്ങള്‍ പ്രസ്തുത മന്ത്രിക്ക് അവസരം നല്‍കാതെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തത് ഒരു വനിതയുടെ മുഖം പൊതുസമൂഹം കാണുന്നതില്‍ പിണറായിക്കുള്ള അസൂയകൊണ്ടാണെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
മന്ത്രിസഭയില്‍ നിന്ന് മാറ്റിയതോട് കൂടി എന്തായിരുന്നു പിണറായി അജണ്ട എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയിലെ ഒരു പുരുഷനെക്കാളും ഒരു വനിതയും വളരേണ്ട എന്ന നിലപാടാണ് പിണറായിയുടേതെന്നും ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചു.