കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണുണ്ടായത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് കടലേറ്റത്തില്‍ തകര്‍ന്നത്. എന്നാല്‍ ആളപായങ്ങള്‍ ഒഴിവാക്കാനായി. കടലേറ്റ ഭീഷണി നേരിടുന്ന തീരങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിതരായ സ്ഥലങ്ങളിലേക്ക് മാറ്റിയതാണ് ആളപായങ്ങള്‍ ഒഴിവാക്കാന്‍ കാരണമായത്.
തീരത്തുള്ള ഒരുവീട്ടില്‍ നിന്ന് ആളുകളെ മാറ്റിയതിന് ശേഷം പിന്നീട് ആ പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്.കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള കാര കടപ്പുറം മേഖലയിലാണ് സംഭവം.
സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ തീരത്തോടു ചേര്‍ന്നുള്ള വീട്ടുകാരോട് അഭ്യര്‍ഥിക്കുന്ന വീഡിയോയാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് തന്നെ വീട്ടില്‍ നിന്ന് മാറണം എന്ന് പോലീസുകാര്‍ വീട്ടുകാരോട് അഭ്യര്‍ഥിക്കുന്നുണ്ട്. എന്ത് സഹായവും ചെയ്തുതരാമെന്നും വീഡിയോയില്‍ പോലീസ് പറയുന്നു.
ശക്തമായ കടലാക്രമണത്തില്‍ ഈ കുടുംബത്തിന്റെ വീടിരുന്ന മേഖലയാകെ തകര്‍ന്ന് തരിപ്പണമായത് വിഡിയോയില്‍ കാണാം.’ഞങ്ങളുടെ അഭ്യര്‍ത്ഥനകള്‍, നിര്‍ദ്ദേശങ്ങള്‍, നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. നിങ്ങളെ രക്ഷിക്കാന്‍ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് ഫേസ്ബുക് പേജില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.