തഴവ: വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടിന്റെ തലയറുത്ത് കടത്തി. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ വിജയകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന ഒരു വയസോളം പ്രായമുള്ള ആടിന്റെ തലയാണ് അറുത്തെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.
വീട്ടുകാര്‍ തൊഴുത്തിലുണ്ടായിരുന്ന രണ്ട് ആടുകള്‍ക്ക് തീറ്റ നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉണര്ന്നേഴുന്നേറ്റപ്പോഴാണ് തലയറ്റ നിലയില്‍ ആടിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഓച്ചിറ സി.ഐ പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.
ആടിന്റെ തല അറുത്തശേഷമുള്ള ചോരയും പാത്രത്തില്‍ ശേഖരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കില്‍ മാത്രമേ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.
ഇന്നലെ ഞായറാഴ്ചയായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ജഡം വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ആട്, കോഴി എന്നിവയെ വളര്‍ത്തിയാണ് വിജയകുമാര്‍ കുടുംബം പോറ്റിയിരുന്നത്. അതിദാരുണമായ സംഭവം വീട്ടുകാരെ തളര്‍ത്തി.