കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റ് ഭീതിയില്‍ നിന്നും കേരളം മുക്തമായി. ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്കും കടലാക്രമണത്തിനും ശമനം. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്നു ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.
തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചത്. അതേസമയം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ട്. ഇനി മണ്‍സൂണ്‍ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച വടക്കന്‍ ജില്ലകളില്‍ പക്ഷേ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളില്‍ തുടരുകയാണ്. കടല്‍ഭിത്തിയും റോഡും കുടിവെളള പൈപ്പുകളും തകര്‍ന്ന കോഴിക്കോട് അഴീക്കല്‍ പഞ്ചായത്തില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അന്തരീക്ഷം ശാന്തമാണ്. എറണാകുളത്ത് ഇന്നലെ രാത്രിയോടെ മഴ ശമിച്ചു. കടല്‍ക്ഷോഭം കുറഞ്ഞതോടെ ചെല്ലാനത്തെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി. കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്.