കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മണിമല, അച്ചൻകോവിലാർ നദികളിൽ ദേശിയ ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകടനിലയിലെത്തിയതിനാലാണ് മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചൻകോവിലാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു.