കൊല്ലം: ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലായിരുന്നു. കൊല്ലം ജില്ലയിലാണ് സംഭവം. പുനലൂരിനടുത്ത് വെഞ്ചേനില്‍ തനിച്ച് താമസിച്ചിരുന്ന ജോണിന്റേതാവാം അസ്ഥികൂടം എന്നാണ് പൊലീസ് നിഗമനം.
താടിയെല്ല്, തലയോട്ടി, കൈകാലുകള്‍ എന്നിവ പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. അസ്ഥികൂടങ്ങള്‍ പൊലീസ് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു ഇയാള്‍. എന്നാല്‍ ഒരു മാസമായി വിവരമൊന്നുമുണ്ടായില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് പറമ്പില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. ജോണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്.
നായകളുടെ ആക്രമണത്തെ തുടര്‍ന്നുള്ള മരണമോ അതല്ലെങ്കില്‍ മരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ നായകള്‍ കടിച്ചു വലിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.