തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്കി. ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമായി ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും.. ഇത് ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്കി. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളില്‍ 115 മുതല്‍ 204 മില്ലീമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്. തൃശൂര്‍ മുതല്‍ വയനാട് വരെ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.
അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളതീരത്തോട് അടുത്തായതിനാല്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി