തൊടുപുഴ: ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ട വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. ആക്രമണം നടന്ന സമയത്തു താന്‍ സൗമ്യയുമായി വീഡിയോ കാള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്ന് കരച്ചിലടക്കാനാവാതെ പറയുകയാണ് ഭര്‍ത്താവ് സന്തോഷ്.
യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ അവിടെ നിന്ന് മാറാന്‍ ശ്രമിക്കുകയായിരുന്നു സൗമ്യ. സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആള് വന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും സന്തോഷ് പറഞ്ഞു.
ഇടുക്കി കീരിത്തോട് സ്വദേശിയാണ് കൊല്ലപ്പെട്ട സൗമ്യ. ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് ദുരന്തമുണ്ടായത്.
മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രായേല്‍ പാലസ്തീന് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്, ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.