നാദാപുരം: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പെരുന്നാളിനോടനുബന്ധിച്ച് കച്ചവടം ചെയ്ത വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ പൊലീസ് പിഴ ചുമത്തി. സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ നാദപുരം കല്ലാച്ചിയിലാണ് സംഭവം. വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ 32,000 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. കടയുടെ മുന്‍ഭാഗം മറച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
സാധനം വാങ്ങാനെത്തിയവര്‍ക്കും ലോക്ഡൗണ്‍ നിയമം ലംഘിച്ചതിനാല്‍ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു. നാദാപുരത്ത് കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ടു വസ്ത്ര വ്യാപര സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പെരുന്നാള്‍ പ്രമാണിച്ച് പുതു വസ്ത്രത്തിന് ആവശ്യക്കാര്‍ ഏറെ ഉള്ളതിനെ തുടര്‍ന്നാണ് ഫോണ്‍ വഴിയും മറ്റും ഇത്തരം കച്ചവടം നടക്കുന്നത്. വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.