തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും കേരളത്തിലും 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറിയേക്കും. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല.
എങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം 2021 മെയ് 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ പൂര്‍ണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. ആഴക്കടലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.