കടുത്തുരുത്തി: കോവിഡ് ബാധിച്ച് അവശയായ രണ്ടുവയസ്സുകാരിക്ക് തുണയായി 24കാരന്. കുഞ്ഞ് വിസ്മയയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പേടി തോന്നിയപ്പോള്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാര്‍ഥിയായ അനന്തുവാണ് ധീരതയോടെ മുന്നോട്ട് വന്നത്.
കല്ലറ പഞ്ചായത്ത് നാലാംവാര്‍ഡിലെ പടിത്തിരപ്പള്ളില് അനില്‍കുമാര്‍-പ്രിയ ദമ്പതിമാരുടെ മകളാണ് വിസ്മയ. തിങ്കളാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം. അനില്‍കുമാറിന്റെ വീടിനുസമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാനെത്തിയതാണ് അനന്തു.
ഈസമയത്താണ് പ്രിയയുടെയും വല്യമ്മയുടെയും നിര്‍ത്താതെയുള്ള കരച്ചില് കേള്‍ക്കുന്നത്. ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയ അനന്തു കാണുന്നത് പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസംമുട്ടല്‍ അനുഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ്.
വീട്ടുകാരുടെ കരച്ചില്‍കേട്ട് പരിസരവാസികളും ഓടിക്കൂടിയെങ്കിലും രോഗം ഭയന്ന് ആരും കുട്ടിയെ എടുക്കാന്‍ തയ്യാറായില്ല. പ്രിയ കുഞ്ഞിനെ വാരിയെടുത്തെങ്കിലും എന്തുചെയ്യണമെന്നറിയാതെ അലമുറയിടുകയായിരുന്നു. ഇതോടെ കുഞ്ഞിനെയും എടുത്തുക്കൊണ്ട് അനന്തു കല്ലറ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ഓടുകയായിരുന്നു.
ഏതാനും സമയത്തിനകം കുഞ്ഞിനെ ആരോഗ്യകേന്ദ്രത്തിലെത്തിക്കാനായി. ഉടന്‍ ഇവിടത്തെ ഡോ. ജയന്തി സജീവ് കുഞ്ഞിന് പ്രാഥമികശുശ്രൂഷ നല്കി 108 ആംബുലന്‍സ് വിളിച്ച് വിദഗ്ദ്ധചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കല്ലറ മ്യാലില്പുത്തന്പുര കനകാംബരന്-ലീല ദമ്പതിമാരുടെ മകനായ അനന്തു യുവമോര്‍ച്ചയുടെ കല്ലറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയാണ്.