ഓച്ചിറ: കൊവിഡ് പോരാളികള്‍ക്ക് ഉച്ചഭക്ഷണവും കുടിവെള്ളവുമായി നന്മവണ്ടി ഓച്ചിറയില്‍ എത്തി. രണ്ടാംഘട്ട കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പോലീസിനെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരായ കൊവിഡ് പോരാളികള്‍ക്കാണ് ഉച്ചഭക്ഷണവുമായി പ്രവര്‍ത്തകര്‍ എത്തിയത്.
കൊവിഡ് പോരാളികള്‍ക്ക് ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ദിവസവും പ്രാതല്‍ എത്തിക്കുമെന്ന് നന്മവണ്ടി പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ദിവസവും പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രാതല്‍ വിതരണം ചെയ്തുവരുന്ന സുമനസ്സുകളുടെ കൂട്ടായ്മയാണ് നന്മവണ്ടി. ഇതിനോടകം നിരവധി പേര്‍ക്കാണ് പ്രവര്‍ത്തകര്‍ താങ്ങായിരിക്കുന്നത്. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആര് പ്രകാശ് ഉച്ചഭക്ഷണവും കുടിവെള്ളവും ഏറ്റുവാങ്ങി.