തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.