തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു. തൃശൂരില്‍ എംഎല്‍സി പള്ളിയിലാണ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്.
വരവൂര്‍ സ്വദേശിനി ഖദീജയെ ആണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുളിപ്പിച്ചത്.
സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് വരവൂര്‍ സ്വദേശിനി ഖദീജ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും സ്ംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന് സ്്റ്റാന്റിനടുത്തെ പള്ളിയില്‍ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു.
കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്കരിക്കണമെന്നാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വാസപരമയ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നു.
സംഭവം തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാകലക്ടര്‍ പറഞ്ഞു. ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്കരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.