കോട്ടയ്ക്കല്‍: പല അധ്യാപകരുടെയും ജീവിതത്തിലെ വലയി സമ്പാദ്യം എന്നത് ഒരുപിടി നല്ല ശിഷ്യരായിരിക്കും. എന്നാല്‍, കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അറബിക് അധ്യാപകന് പണിക്കര്ക്കുണ്ടിലെ തടത്തില്‍ ജാബിറിന് (28) ശിഷ്യരേക്കാള്‍ വലിയ സമ്പാദ്യം പരുക്കേറ്റ ജീവജാലങ്ങളെ പരിചരിച്ച് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതിന്റെ കഥകളാണ്.
കാക്ക, പൂച്ച, നായ, കീരി, പാമ്പ്, കൊക്ക്, പൊന്മാന്, വെരുക് തുടങ്ങി നൂറില്‍പരം ജീവികളെ മരണത്തില്‍നിന്നു രക്ഷിച്ചിട്ടുണ്ട് ജാബിര്‍. പരുക്കേറ്റ നിലയില്‍ നായയോ പൂച്ചയോ മറ്റോ കിടക്കുന്നതു കണ്ടാല്‍ ഉറക്കം വരാത്ത രാത്രികള്‍ ജാബിറിന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു.
അന്നേ തുടങ്ങിയതാണ് ഇവയെ സംരക്ഷിക്കണമെന്ന ചിന്ത. വാഹനങ്ങള്‍ ദേഹത്ത് കയറിയും മറ്റും പരുക്കേറ്റ പാമ്പുകളെ വീട്ടിലെ പ്രത്യേക മുറിയിലാണ് സൂക്ഷിക്കുക. ഭക്ഷണവും പരിചരണവും നല്കി ഇവ പൂര്‍വ സ്ഥിതിയിലായാല്‍ പുഴയോരത്തും കാടുകളിലും കൊണ്ടുപോയി വിടും.
മൂര്‍ഖന്‍ അടക്കമുള്ള ഉഗ്രവിഷ ഇനങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. പുത്തൂര്‍ ബൈപാസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 3 പൂച്ചക്കുട്ടികളും പണിക്കര്‍ക്കുണ്ട് വയലില്‍ തള്ള ചത്തതിനെത്തുടര്‍ന്ന് അനാഥരായ 2 കീരിക്കുട്ടികളുമാണ് ഇപ്പോള്‍ ജാബിറിന്റെ പരിചരണത്തില്‍ കഴിയുന്നത്.
പാല്, മാംസം, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം നല്‍കിയാണ് ഇവയെ നോക്കുന്നത്. ജാബിര്‍ മാഷിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാര്‍.