ഇരിങ്ങാലക്കുട: ഒരു തേപ്പുപെട്ടിയുമായി ഇറങ്ങി കുടുംബം പോറ്റിയ അച്ഛനു വേണ്ടി മകന്റെ സമ്മാനം. യുഎസ് സര്‍വകലാശാലയുടെ ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളര്‍) സ്കോളര്‍ഷിപ്പാണ് അമര്‍നാഥ് സ്വന്തമാക്കിയത്. വെര്‍മോണ്ടിലെ നോറിച്ച് സര്‍വകലാശാലയില്‍ 4 വര്‍ഷത്തെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പഠനത്തിനാണു സ്വപ്നതുല്യമായ അവസരമൊരുങ്ങിയത്.
തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഇരിങ്ങാലക്കുടയിലെത്തിയതാണ് അമര്‍നാഥിന്റെ അച്ഛന് മുരുകേശ് വരനും ജയലക്ഷ്മിയും. ഇരിങ്ങാലക്കുടയില്‍ ഇസ്തിരിക്കട നടത്തിയാണ് മുരുകേശ് തന്റെ കുടുംബം പോറ്റിയത്. ക്രൈസ്റ്റ് കോളജ് ഒന്നാംവര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയാണ് അമര്‍നാഥ്.
രാജ്യാന്തര സര്‍വകലാശാലകളിലേക്കു പ്രവേശനത്തിനായി നടത്തുന്ന എസ്എടി പരീക്ഷയിലെ മികച്ച പ്രകടനമാണ് അമര്‍നാഥിനു സ്കോളര്‍ഷിപ് നേടിക്കൊടുത്തത്. സാമൂഹിക സേവനം നടത്തുന്ന റോബിന്‍ഹുഡ് ആര്‍മി ആന്‍ഡ് അക്കാദമിയിലെ പ്രവര്‍ത്തനങ്ങളും തുണയായി.
യുഎസില്‍ എത്താനും ആദ്യവര്‍ഷ ചെലവുകള്‍ക്കുമായി 7 ലക്ഷം രൂപയോളം വേണ്ടിവരും. രണ്ടാം വര്‍ഷം തൊട്ടുള്ള ചെലവുകള്‍ സര്‍വകലാശാല ഏറ്റെടുക്കും. ടെക്സസ് എ ആന്‍ഡ് എം, നോര്‍ത്ത് ടെക്സസ്, ഇറ്റലിയിലെ സഫയന്സ് സര്‍വകലാശാലകളുടെ സ്കോളര്‍ഷിപ്പിനും അമര്‍നാഥ് അര്‍ഹനായിട്ടുണ്ട്.
ജീവിതമാര്‍ഗം തേടി 8 വര്‍ഷം മുന്‍പാണു മുരുകേശും കുടുംബവും ഇരിങ്ങാലക്കുടയില്‍ എത്തുന്നത്. മുരുകേശ് ഇസ്തിരിയിടും, ഭാര്യ വീട്ടു ജോലികള്‍ക്കു പോകും. ഉള്ള വരുമാനം ഉപയോഗിച്ചു മകനെ പഠിപ്പിക്കാനയച്ചു. ലിസ്യു സ്കൂളില്‍ അമര്‍നാഥിനു ലഭിച്ച ജോര്‍ജ് എന്ന സുഹൃത്തിനും ഈ നേട്ടത്തില്‍ വലിയ പങ്കുണ്ട്.
ജോര്‍ജിന്റെ അമ്മയും ക്രൈസ്റ്റ് കോളജിലെ അധ്യാപികയുമായ റാണി വര്‍ഗീസ് ആയിരുന്നു പലപ്പോഴും അമര്‍നാഥിന്റെ ‘സ്പോണ്സര്’. എറണാകുളത്ത് എസ്എടി പരീക്ഷാ പരിശീലനത്തിനു പോയപ്പോള്‍ ജോര്‍ജിനു ലഭിച്ച നോട്ടുകള്‍ ഉപയോഗിച്ചായിരുന്നു അമര്‍നാഥിന്റെ പഠനം. ഫലം വന്നപ്പോള്‍ അമര്‍നാഥിനൊപ്പം ജോര്ജിനുമുണ്ട് സ്കോളര്‍ഷിപ്.