ഇന്ന് മാതൃദിനം. ഈ മാതൃദിനത്തില്‍ അമ്മയെന്ന വാക്കിന് പ്രതീക്ഷകളുടെ അമിത ഭാരമേല്‍പ്പിക്കുന്ന പതിറ്റാണ്ടുകളുടെ ശീലത്തെ തിരുത്തിക്കുറിച്ചിരിക്കുകയാണ് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ്. മറ്റുള്ളവരെപ്പോലെ സ്നേഹവും ക്ഷീണവും സ്നേഹവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ വ്യക്തിയാണ് അമ്മയെന്ന് വനിതാ ശിശുക്ഷേമവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
മാതൃദിനത്തില്‍ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മമാരെ മഹത്വവല്‍ക്കരിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കുന്ന രീതിയ്ക്കെതിരെ വനിതാ ശിശുക്ഷേമവകുപ്പ് പ്രതികരിച്ചത്. സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം, സൂപ്പര്‍ വുമണ്‍ തുടങ്ങിയ വാക്കുകളാണ് വനിതാ ശിശുക്ഷേമ വകുപ്പ് വെട്ടിത്തിരുത്തുന്നത്.
പ്രതീക്ഷകളുടെ ഭാരമേല്പ്പിക്കുന്നതിനുപകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്ന് ഓര്‍ത്തുകൊണ്ട് അവരെ അവരായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത് എന്ന സന്ദേശവും വനിതാ ശിശുക്ഷേമവകുപ്പ് പങ്കുവെക്കുന്നു. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും നമുക്ക് വേണ്ട.
ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടതെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മാതൃദിനാശംസയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. മാതൃദിനാശംസ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ സ്ത്രീകളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിക്കുന്നത്.