തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടും കോട്ടയത്തുമാണ് യെല്ലോ അലേര്‍ട്ട്.
ഞായറാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
കോഴിക്കോട് ഇന്നും കോട്ടയത്ത് നാളെയും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതാനിര്‍ദേശം എന്ന നിലയിലാണ് ഈ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.