തിരുവനന്തപുരം: നാളെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന്റെ പിന്തുടര്ച്ചയാണ് എക്സിറ്റ് പോള്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എക്സിറ്റ് പോള്‍ കണ്ട് ജനങ്ങളും പ്രവര്‍ത്തകരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും എക്സിറ്റ് പോള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രം കേരളത്തിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പലമാധ്യമങ്ങളും യുഡിഎഫിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ എക്സിറ്റ് പോള്‍. എക്സിറ്റ് പോള്‍ യഥാര്‍ത്ഥ ജനാഭിപ്രായമല്ല. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 250 പേരോട് ഫോണില്‍ വിവരം ചോദിച്ചിട്ട് തയ്യാറാക്കുന്ന പോളുകള്‍ക്ക് രാഷ്ട്രീയ അടിത്തറില്ല.
എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തില്‍. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലുള്ള യുഡിഎഫ് വിരുദ്ധത ഇതിലെല്ലാം പ്രകടമാണ്. അതിനെയെല്ലാം അതീജീവിച്ച് യുഡിഎഫ് മുന്നോട്ട് പോകും. ജനങ്ങളുടെ പിന്തുണയുണ്ട്. അതായിരിക്കും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബോധ്യപ്പെടുന്നത്. യുഡിഎഫ് വിജയിക്കും എന്നാണ് നിഗമനം. ഈ എക്സിറ്റ് പോളിന്റെ അടിസ്ഥാനത്തില്‍ പരിഭ്രാന്തി ആവശ്യമില്ലെന്നാണ് പ്രവര്‍ത്തകരോട് പറയാനുള്ളത്.
ഇതൊക്കെ കാലാകാലങ്ങളായി കണ്ടിട്ടുള്ളതാണ്. യുഡിഎഫ് പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ജനങ്ങളൊടൊപ്പം നിന്ന് മുന്നോട്ട് പോയത്. വമ്പിച്ച വിജയം ഉണ്ടാവും. അടുത്തത് യുഡിഎഫ് സര്‍ക്കാരായിരിക്കും. കൗണ്ടിംഗില്‍ മുഴുവന്‍ സമയവും ഉണ്ടാവണം. പ്രത്യേകം ശ്രദ്ധയുണ്ടാവണം. പലതരത്തിലുള്ള തിരിമറിക്ക് സാധ്യതയുണ്ട്. യുഡിഎഫിന് പൂകര്ണമായ ആത്മവിശ്വാസം ഉണ്ട്. സ്ഥാനാര്‍ത്ഥികള്‍ കൗണ്ടിംഗ് സ്റ്റേഷനിലുണ്ടാവണം. തട്ടികൂട്ട് സര്‍വ്വേകള്‍ക്ക് ഗൗരവം കാണുന്നില്ല. സര്‍വ്വേയിലും എക്സിറ്റ് പോളിലും വിശ്വാസമില്ല.