മൂന്നാര്‍: ഉരുള്‍പൊട്ടി പള്ളിവാസല്‍ ‘പ്ലം ജൂഡി’ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ളവരെ രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡിലേക്ക് വീണുകിടന്ന പാറകളുടെയും മണ്ണിന്റെയും മുകളില്‍ പലകകള്‍ നിരത്തിയും വടം ഉപയോഗിച്ചുമാണ് ഇവരെ പുറത്തെത്തിച്ചത്
വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. ഇവരെ സര്‍ക്കാരിന്റെ ടീ കൗണ്ടി ഹോട്ടലിലേക്ക് മാറ്റി. അമേരിക്ക, റഷ്യ, യുഎഇ, മലേഷ്യ, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍നിന്നുള്ള 24 പേരും 33 ഉത്തരേന്ത്യക്കാരുമാണ് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അമ്പതോളം ജീവനക്കാരും ടാക്സി ഡ്രൈവര്‍മാരും വാഹനങ്ങളും ഉണ്ടായിരുന്നു.
ഉരുള്‍പൊട്ടി മണ്ണും കൂറ്റന്‍പാറകളും റോഡില്‍ വീണതിനെത്തുടര്‍ന്ന് ഇവര്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെ മൂന്നു റഷ്യന്‍ സഞ്ചാരികള്‍ കിലോമീറ്ററുകള്‍ നടന്ന് പള്ളിവാസല്‍ പൈപ്പ് ലൈനിലെത്തി ബസില്‍ കൊച്ചിയിലേക്ക് പോയി.
അതേസമയം, പ്ലം ജൂഡി റിസോര്‍ട്ട് പൂട്ടുന്നതിനെതിരേ എസ് രാജേന്ദ്രന് എംഎല്‍എ രംഗത്തെത്തി.
സഞ്ചാരികളെ രക്ഷപ്പെടുത്തിയശേഷം റിസോര്‍ട്ട് പൂട്ടാനുള്ള കളക്ടറുടെ ഉത്തരവ് നല്‍കുന്നതിനിടെയാണ് എംഎല്‍എ എതിര്‍പ്പുമായി രംഗത്തെത്തിയത്.
മേഖലയില്‍ മണ്ണിടിച്ചില്‍ സ്വാഭാവികമാണെന്നും കാലവര്‍ഷക്കാലത്ത് മണ്ണിടിച്ചില്‍ പതിവാണെന്നും ഇതിന്റെ പേരില്‍ റിസോര്‍ട്ട് പൂട്ടേണ്ട ആവശ്യമില്ലെന്നുമാണ് എംഎല്‍എ ഉത്തരവുമായെത്തിയ സബ് കളക്ടറോട് പറഞ്ഞത്. എന്നാല്‍ സബ് കളക്ടര്‍ ഈ നിര്‍ദേശം തള്ളിയശേഷം പൂട്ടാനുള്ള നോട്ടീസ് റിസോര്‍ട്ട് അധികൃതര്‍ക്ക് നല്കി. വൈകീട്ട് ആറരയോടെ ദേവികുളം തഹസില്‍ദാര്‍ പികെ ഷാജി റിസോര്‍ട്ട് സീല്‍ ചെയ്തു.