തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ചത്തേക്കെങ്കിലും ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് കെജിഎംഒഎ നിര്‍ദേശിച്ചിട്ടുള്ളത്.
ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് കെജിഎംഒഎ ആവശ്യങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണെമന്നും കെജിഎംഒഎ ആവശ്യപെട്ടിട്ടിട്ടുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനതോത് കൂടുതലാണ്.
കേരളത്തില്‍ നിലവില്‍ ഈ വൈറസിന്റെ സാനിധ്യം ഉണ്ട്. അതിനാല്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണം. അതിന് ലോക് ഡൌണ്‍ വേണം എന്നുമാണ് കെജിഎംഒഎ പറയുന്നത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലേക്ക് വന്നിട്ടുള്ളത് ഒരു അപായ സൂചനയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുന്നു. അതിനാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. മാനവ വിഭവശേഷി ഉറപ്പാക്കണം. ആരോഗ്യവകുപ്പില്‍ നിന്നും ഉന്നത പഠനത്തിനായി പോയവരെ തിരിച്ചു വിളിച്ചു ജോലിക്കായി നിയോഗിക്കണം.
വീട്ടില്‍ കഴിയുന്നവരുടെ നിരീക്ഷണത്തിനായി പ്രത്യേക കാള്‍ സെന്റര്‍ നിയോഗിക്കണം. ഐസിയു -ഓക്സിജന്‍ ബെഡുകളുടെ എണ്ണം പ്രസിദ്ധീകരിക്കണം, എന്നിങ്ങനെ പ്രസക്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് സംഘടന ചീഫ് സെക്രെട്ടറിക്കുള്ള കത്തില്‍ പറയുന്നത്. ഐഎംഎ യും ഇതേ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു.