കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടിഒ ഇസ് ഉണ്ണികൃഷ്ണന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം നടത്തുന്നതായി പരാതി. ഉണ്ണികൃഷ്ണന് എരമ്പത്ത് എന്ന പേരിലാണ് വ്യാജ ഐഡി നിര്‍മ്മിച്ചിരിക്കുന്നത്. ശേഷം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ധനസഹായാഭ്യര്‍ത്ഥന നടത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് ആര്‍ടിഒ ഉണ്ണികൃഷ്ണന് കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടത്. ഡ്രൈവിങ് സ്കൂള്‍ ഉടമക്ക് വ്യാജ പ്രൊഫൈലില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓണ്‍ ലൈനായി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ ഡ്രൈവിങ് സ്കൂള്‍ ഉടമ ആര്‍ടിഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. വ്യാജ പ്രൊഫൈല്‍ സംബന്ധിച്ച വിവരം അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കൂടുതല്‍ പേര് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാവുകയായിരുന്നു.