ശാസ്താംകോട്ട: വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന നായയ്ക്ക് രക്ഷകനായി ചക്കുവള്ളി സ്വദേശിയായ ഫിറോസ് എം ശൂരനാട്. എംസി റോഡില്‍ പുത്തൂര്‍മുക്കിനു സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കുന്നത്തൂര്‍ പാലത്തിന് സമീപം ആറ്റുകടവ് ജംഗ്ഷനില്‍ ജ്യൂസ് പാര്‍ലര്‍ നടത്തുന്ന ഫിറോസ് സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് പരിക്കേറ്റ് അവശനിലയില്‍ കിടക്കുന്ന നായയെ കണ്ടത്.
മറ്റ് വാഹനങ്ങള്‍ കയറിയിറങ്ങാതിരിക്കാന്‍ അവിടെതന്നെ നിലയുറപ്പിച്ച ഫിറോസ് പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. മൃതപ്രായനായി കിടക്കുന്ന നായയെ ഉപേക്ഷിച്ച് പോകാനും മനസ്സുണ്ടായില്ല. ഒടുവില്‍ ഇതുവഴിയെത്തിയ തിരുവല്ല സ്വദേശിയും കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശിയും സഹായത്തിനെത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നായയെ കുളക്കട മൃഗാശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ച ഉടനെ സഹായത്തിനെത്തിയവര്‍ മടങ്ങി. എന്നാല്‍ ഫിറോസ് പാലും പാലും ഭക്ഷണവുമടക്കം വാങ്ങി നായക്ക് നല്‍കുകയും നായയുടെ അവസ്ഥ സമൂഹമാധ്യങ്ങളിലൂടെ പങ്കിട്ട ശേഷവുമാണ മടങ്ങിയത്. നായയെ ഏറ്റെടുത്ത് പരിചരിക്കാന്‍ മനസ്സുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്നായിരുന്നു ആവശ്യം. വീഡിയോ വൈറലായെങ്കിലും നായയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടെത്തിയില്ല. ഒടുവില്‍ കൊല്ലം തഴുത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘പീപിള്‍സ് ഫോര്‍ അനിമല്‍സ്’ എന്ന സംഘടനയുമായി ബന്ധപ്പെടുകയും ഇന്നലെ അവരെത്തി നായയെ ഏറ്റെടുക്കുകയുമായിരുന്നു. ഫിറോസിന്റെ നന്മ മനസിന് കൈയ്യടിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയ.