തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നടപ്പാക്കും.
രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നൈറ്റ് കര്‍ഫ്യൂവിലെ ഇളവുകള്‍ സംബന്ധിച്ച് വിശദമായ ഉത്തരവ് അല്പസമയത്തിനകം പുറത്തിറങ്ങും. ഇന്ന് 3.30 നാണ് ഉന്നത തല യോഗം ചേര്‍ന്നത്.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. തിയറ്ററുകള്‍ക്ക് ഏഴ് മണിവരെയാണ് പ്രവര്‍ത്തനാനുമതി. തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താനാണ് തീരുമാനം. പൂരത്തിന്റെ ചടങ്ങുകള്‍ വെട്ടിക്കുറച്ചു.. ചമയ പ്രദര്‍ശനം ഉണ്ടാവില്ല. പകല്‍പ്പൂരം ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറച്ചു. പൂരപ്പറമ്പില്‍ സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.
ഇതിനു പുറമെ മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണം ഇല്ല. പരിപൂര്‍ണ അടച്ചുപൂട്ടല്‍ ഇല്ല. മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും.
പരമാവധി വര്‍ക് ഫ്രം ഹോം നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഏതൊക്കെ വകുപ്പുകളിലാണ് ഇത് നടപ്പാക്കുന്നതെന്ന് അതത് വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം.