കൊച്ചി: വൈഗ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴി. കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പിടിയിലായ സനു മോഹന്‍ പറഞ്ഞു. തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ഇനി ജീവിക്കേണ്ട, ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയെന്നും വൈഗയെ കയ്യില്‍ എടുത്ത് പുഴയില്‍ താഴ്ത്തിയെന്നും സനു മോഹന്‍ പറഞ്ഞു.
മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിച്ച തനിക്ക് ഭയം കാരണം മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പുഴയില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു.
വൈഗ മരിച്ചത് പുഴയില്‍ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്. മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്.