തൃശ്ശൂര്‍: കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം പോലുള്ള ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഴുത്തുകാരന് എന്‍എസ് മാധവന് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ലും കൂടുതലാണെന്നതിന്റെ അര്‍ഥം അപകടം എന്ന് തന്നെയാണെന്നും ശബരിമലയുടെ കാര്യത്തിലേത് പോലെ അറച്ചുനില്‍ക്കാതെ സര്‍ക്കാര്‍ തൃശ്ശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ ഇടപെടണമെന്നും എന്‍എസ് മാധവന് പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ’17+ പോസിറ്റിവിറ്റി നിരക്ക് എന്നതിനര്‍ഥം കേരളത്തില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡുണ്ടെന്നാണ്. അത് അപകടകരമാം വിധം വലിയ ഒരു നിരക്കാണ്. രോഗം പരക്കാന്‍ ഇടയുള്ള തൃശ്ശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ അവസാനിപ്പിക്കണം.
സര്‍ക്കാരേ, ശബരിമലയുടെ കാര്യത്തിലെന്നത് പോലെ അറച്ചുനില്‍ക്കരുത്. ജനങ്ങളുടെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ തന്നെ’. എന്‍എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ മുന്‍പ് ഡിഎംഒ രംഗത്തെത്തിയിരുന്നെങ്കിലും ഒടുവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരും എത്തുകയായിരുന്നു. ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെയാണ് തൃശ്ശൂര്‍ പൂരത്തിന് കൊടി കയറിയത്.