തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് നാളെ 10 മണി മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഡൗണ്‍ലോഡ് ചെയ്യാം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടത്തുന്നത്. പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്സീന് രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
പൂരത്തിനുള്ള പ്രവേശന പാസിനായി തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം.
തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം. പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്സീന് രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വാക്സീന് ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്.
രണ്ടു ഡോസ് വാക്സീന് എടുക്കാത്തവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവില്‍ ദേവസ്വങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
കടുത്ത നിബന്ധനയെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ദേവസ്വം പ്രതിനിധികള്‍ ഇന്ന് യോഗം ചേരും. ഒറ്റ ഡോസ് വാക്സീന് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചതോടെ പാസിനായി ദേവസ്വങ്ങള്‍ക്ക് വീണ്ടും നടപടികള്‍ സ്വീകരിക്കേണ്ടി വരും. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തൃശൂര്‍ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്.