കോഴിക്കോട്: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടുതല്‍ ദുരന്തം സംഭവിച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കൂടുതല്‍ അനിഷ്ട് സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയില്‍ ഈ മാസം 14 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ പാതകളെല്ലാം തടസപ്പെട്ടതിനെ തുടര്‍ന്ന് ജില്ല തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 13-ാം തീയതി വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ശനിയാഴ്ച വരെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.