ചീമേനി; സംസ്ഥാനത്ത് ആദ്യമായി തടവുകാരുടെ സ്റ്റുഡിയോയ്ക്ക് തുടക്കം. ചീമേനി തുറന്ന ജയിലിലാണ് പുതിയ തുടക്കം. സ്റ്റുഡിയോയില്‍ ജയില്‍ ഡിജിപി ഋഷിരാജ് ആദ്യ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫിക്കു പുറമേ വീഡിയോഗ്രഫിയും തടവുകാര്‍ ചെയ്യും. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയായിരുന്നു ഫോട്ടോഗ്രഫിയില്‍ പരിശീലനം നടത്തിയത്.
ഇതിനായി ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ള ജയിലിലെ 20 തടവുകാര്‍ക്ക് പരിശീലനം നല്കി. വിവാഹ ചടങ്ങുകളും മറ്റും പകര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ സ്റ്റുഡിയോ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇതിനെല്ലാം പുറമെ, ജയിലില്‍ ഇരുചക്ര വാഹന വര്‍ക്ക് ഷോപ്പും കേക്ക് നിര്‍മാണവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ ജയിലുകള്‍ ഇന്ത്യയ്ക്കു തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ജയില്‍ ഡിജിപി പറഞ്ഞു. സൂപ്രണ്ട് അശോകന് അരിപ്പ ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ ഡിജിപി അഭിനന്ദിച്ചു. അട്ടകുളങ്ങരയില്‍ സ്ത്രീ തടവുകാര്‍ നടത്തുന്ന പെട്രോള്‍ ബങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ജയില്‍ വളപ്പിനു ചുറ്റുമതില്‍ നിര്‍മിക്കാന്‍ സഹായിച്ച തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്കുന്ന മാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.