തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. എന്തൊക്ക തരത്തിലുള്ള നിയന്ത്രണങ്ങളാണെന്ന് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.
രാത്രി ഒന്‍പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്നത് ഉത്തരവില്‍ പരാമര്‍ശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂര്‍ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് അടക്കണം.
ഹോട്ടലുകളില്‍ അന്‍പത് ശതമാനം പേര്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തും. ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. അതേസമയം പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
വാക്സിനേഷനുകള്‍ കൂട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വിപുലമാക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമ്പോള്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ച് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.