പട്ടിക്കാട്: വീട്ടില്‍ പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിക്കും അനക്കമറ്റ കുഞ്ഞിനും രക്ഷകരായി യുവ ദമ്പതിമാര്‍. ഇടപ്പാറ മാത്യു ഗ്രേറ്റല്‍ ദമ്പതിമാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി എത്തിയത്.
രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഒരു യുവതിയും ഭര്‍ത്താവും താമസിച്ച റോഡരികിലെ വാടകവീട്ടില്‍ നിന്നായിരുന്നു കരച്ചില് കേട്ടത്. ഓടിയെത്തിയപ്പോഴാണ് പ്രസവം നടക്കുന്നത് കണ്ടത്. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.
പ്രസവിച്ചുകൊണ്ടിരുന്ന യുവതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത ഗ്രേറ്റല്‍ പൊക്കിള്‍ക്കൊടി ഛേദിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ഗ്രേറ്റല്‍ നഴ്സായി ജോലിചെയ്തിട്ടുണ്ട്. ആ പരിചയമാണ് തുണച്ചത്.
വാണിയമ്പാറ സ്വദേശികളാണ് ഇവര്‍. യുവതിയുടെ പ്രസവ തീയതിക്ക് ഇനിയും ഒരു മാസമുണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദന വന്നത്. എന്തുചെയ്യണമെന്നറിയാതിരിമ്പോഴേയ്ക്കും പ്രസവവും നടന്നു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.