പുത്തൂര്‍: നാഗ്പുര്‍ ഓറഞ്ചു സീസണ് ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിച്ചതിനാല്‍ ഇന്ത്യന്‍ ഓറഞ്ചിനു വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് ഇപ്പോള്‍ 120 രൂപയാണ് വില. ഇതാദ്യമായാണ് ഇന്ത്യന്‍ ഓറഞ്ചിനു വിദേശ ഇനത്തിന് ഒപ്പം വില ഉയരുന്നതെന്നു വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ഈജിപ്തില്‍ നിന്നെത്തുന്ന സിട്രസ് ഓറഞ്ചിനും 120 രൂപയാണു കിലോയ്ക്ക് ഈടാക്കുന്നത്. ഒന്നര മാസം മുന്‍പു വരെ കിലോയ്ക്ക് 60 രൂപയായിരുന്നു ഇന്ത്യന്‍ ഓറഞ്ചിനു വില. അതാണിപ്പോള്‍ കുതിച്ചു കയറിയത്.
നാഗ്പുര്‍ ഓറഞ്ചു സീസണ് കഴിഞ്ഞതോടെ ഇനി ഓറഞ്ചു വിപണിയില്‍ കുറച്ചു മാസം വിദേശ ആധിപത്യമായിരിക്കും. കൊടൈക്കനാല്‍ ഓറഞ്ചാണ് ഇനി ഇന്ത്യന്‍ സാന്നിധ്യമായി എത്താനുള്ളത്. അതു പക്ഷേ അമരാവതി, നാഗ്പുര്‍ ഓറഞ്ച് സീസണ് പോലെ വേണ്ടത്ര പൊലിക്കാറില്ലെന്നു വ്യാപാരികള്‍ പറയുന്നു.