തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ തൂക്കി വിറ്റ കോണ്‍ഗ്രസ് നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് വീണ എസ് നായര്‍ രംഗത്തെത്തി. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വീണ പറഞ്ഞു. ‘സംഭവം അറിഞ്ഞപ്പോള്‍ തന്നെ കെപിസിസി പ്രസിഡണ്ടിനേയും പ്രതിപക്ഷ നേതാവിനേയും വിളിച്ചിരുന്നു. ഗൗരവമായി തന്നെ ഇക്കാര്യം അന്വേഷിക്കുമെന്നും ആരുടേയെങ്കിലും ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് മറുപടി നല്‍കിയത്.
എന്നെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി എന്ന നിലവില്‍ ഏല്‍പ്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.’ വീണ എസ് നായര്‍ പറഞ്ഞു. വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്.
അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. സംഭവത്തില്‍ നന്തന്‍കോട് സ്വദേശി ബാലുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.