കൊച്ചി : മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. വിദ്യാര്‍ത്ഥികളെ മോശം രീതിയില്‍ ചിത്രീകരിച്ച് പ്രതികരിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീന്‍ റസാക്കിന്റെയും ഡാന്‍സ് വീഡിയോയാണ് അടുത്തിടെ വൈറലായത്. ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനായ ആര് കൃഷ്ണരാജ് രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഡാന്‍സില്‍ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകന് പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി.
അതേ സമയം , ഇപ്പോള്‍ ഡാന്‍സ് ആഘോഷിക്കുന്നവരുടെയും ഡാന്‍സിനെ പിന്തുണച്ച് കമന്റിടുന്നവരുടെയും ഇരട്ടത്താപ്പിനെതിരെ ജസ്ല പ്രതികരിച്ചു. ”പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു. അന്നെന്റെ വാളില്‍ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു. അന്ന് ആങ്ങളമാര് ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്മ്മാര്.ആ വ്യത്യാസമേ ഉള്ളു”, ജസ്ല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :
പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു. അന്ന് ആങ്ങളമാര് ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്മ്മാര്.ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളില്‍ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു.
മത വിശ്വാസികള്‍ക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട് .
സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കില്‍ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കില്‍ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.