ആലത്തൂര്‍: പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തെരച്ചില്‍ തുടരുന്നു. പത്തനാപുരം വട്ടപ്പാറ വീട്ടില്‍ ഇക്ബാലിന്റെ മകന് ഹബീബിനെ(14)യാണ് കഴിഞ്ഞ ദിവസം നാലു മുതല്‍ കാണാതെയായത്. പാറമടയുടെ സമീപം ഷര്‍ട്ടും മാസ്കും ഫോണും കണ്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
അസി. സ്റ്റേഷന് ഓഫിസര്‍ കെ.വേലായുധന്റെ നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി വരികയാണ്. വീട്ടില്‍ നിന്നു മുക്കാല്‍ കിലോമീറ്റര്‍ അകലെയാണ് പാറമട. ആലത്തൂര്‍ എസ്ഐ ജിസ്മോന് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പത്തനാപുരം തോലമ്പുഴ റൂട്ടില്‍ വട്ടപ്പാറ പള്ളിക്കു സമീപമുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണതായാണ് സംശയിക്കുന്നത്.
40 അടിയോളം താഴ്ചയുള്ള പാറമടയില്‍ രാത്രി വൈകിയുള്ള തെരച്ചില്‍ ദുഷ്കരമായതിനാല് സ്കൂബാ ടീമിന്റെ സേവനം ആവശ്യപ്പെട്ട് രംഗത്തെത്തി. ചരപ്പറമ്പ് യത്തീം ഖാനയിലെ വിദ്യാര്‍ത്ഥിയാണു ഹബീബ്.