തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച് മഴ കനക്കുമ്പോള്‍ ഇടുക്കി ദുരന്ത ഭൂമിയായി മാറുകയാണ്. അണക്കെട്ടിന്റെ സംഭരണ ശേഷിയിലേയ്ക്ക് എത്തുന്നതിന് തൊട്ടു മുന്‍പേ ഡാം തുറക്കാനിടയായത് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ ഇടപെടല്‍ മൂലമാണെന്ന് റിപ്പോര്‍ട്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഡാം നിറഞ്ഞു കവിയാറായിട്ടും തുറക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് ആപത്താണെന്നു കണ്ട് ഡാം തുറന്നേ മതിയാകൂ എന്ന നിലപാട് മന്ത്രി സ്വീകരിക്കുകയായിരുന്നു.
തുറന്നില്ലെങ്കില്‍ അതിലും വലിയ നാശനഷ്ടങ്ങളും ഒപ്പം എണ്ണാന്‍ കഴിയാവുന്നതിലപ്പുറം മരണവും സംഭവിക്കുമെന്ന് സൂചന നല്‍കിയതോടെ തുറക്കാമെന്ന നിലപാടില്‍ കെഎസ്ഇബിയും എത്തുകയായിരുന്നു. ഡാം തുറന്നിട്ടും ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഇത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇടുക്കി – ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നാല്‍ ഒഴുകി പോവുന്നത് കോടിക്കണക്കിന് രൂപയാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കോടികളേക്കാള്‍ വലുത് എന്റെ ജനങ്ങളുടെ ജീവന് ആണെന്ന് മന്ത്രി തറപ്പിച്ച് പറയുകയായിരുന്നു. എത്ര വലിയ നഷ്ടങ്ങളും നികത്താനാകും, എന്നാല്‍ ഒരു മനുഷ്യ ജീവന് തിരിച്ചെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി തുറന്നടിച്ചു.
മന്ത്രി എംഎം മണി പങ്കെടുത്ത യോഗത്തിലായിരുന്നു ജനങ്ങളുടെ ജീവന് വകവെയ്ക്കാതെയുള്ള നിലപാട് കെഎസ്ഇബി അറിയിച്ചത്. എന്നാല്‍, താനാണ് മന്ത്രിയെന്നും തനിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും വലിയ ദുരന്തത്തിലേക്ക് വിട്ടുകൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്നും മണി തറപ്പിച്ചു പറഞ്ഞു. പരാമവധി ശേഷി എത്താന്‍ ഇനിയും നിറയേണ്ടതുണ്ട്. വരാനിരിക്കുന്ന വന്‍ ദുരന്തം മുന്പില് കണ്ടുകൊണ്ടാണ് മന്ത്രി ചരിത്രപരമായ നിലപാട് കൈകൊണ്ടത്.
മഴ കുറഞ്ഞതോടെ ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ അവയെല്ലാം ഒറ്റ മഴയില്‍ ഒലിച്ചു പോയി. മണിക്കൂറുകളോളം നിന്നു പെയ്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ വെള്ളം കുറയുമെന്ന പ്രതീക്ഷകള്‍ കനത്ത മഴ ഖണ്ഡിച്ചു. ശേഷം രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ മുഴുവന്‍ ഷട്ടറുകളും തുറക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കുന്നത്. ഈ കാലവര്‍ഷം സംസ്ഥാനത്തെ പ്രളയകെടുതിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്.