തിരുവനന്തപുരം: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫിന്റേയും അധികാരം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫിന്റേയും വിലയിരുത്തല്‍.
മികച്ച മുന്നേറ്റം നടത്തുമെന്നും പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ 85 സീറ്റുകള്‍ വരെ നേടി ഇടതുസര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം നൂറ് കടക്കുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു. സമാന വികാരമാണ് മറ്റ് ഇടതു പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കളും കരുതുന്നത്. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ലെന്നും യുഡിഎഫിന് ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.