കോട്ടയം: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം മോഡിയുടെയും ബിജെപിയുടെയും സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതവും മുഖ്യമന്ത്രിയുടെ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടും കേരളത്തിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തിരസ്കരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍,
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നല്‍കും. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം മോദിയുടെയും ബിജെപിയുടെയും സ്വപ്നം മാത്രമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ശകതിയും ആവേശവും പകരുന്നതാണ്. മുഖ്യമന്ത്രി ഇന്ന് വോട്ട് ചെയ്ത ശേഷം പത്രക്കാരെ കണ്ടപ്പോള്‍ ശബരിമലയില്‍ ഉള്ള വിശ്വാസം അദ്ദേഹം പറഞ്ഞു. അതാര് വിശ്വസിക്കാനാണ്. ശബരിമല വിശ്വാസത്തെ അംഗീകരിച്ചുള്ള യുഡിഎഫ് സത്യവാങ് മൂലം പിന്‍വലിച്ച് ആചാരങ്ങള്‍ക്കെതിരായി സത്യവാങ്് മൂലം കൊടുത്തത് പിണറായി വിജയനാണ്.
ആ സത്യവാങ്ങ്മൂലം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. അതാണ് സുപ്രീം കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിനെ ഭയന്നാണ് മുഖ്യമന്ത്രി യു ടേണ്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഒരു വിശ്വാസിയും അത് വിശ്വസിക്കില്ല.
അയ്യപ്പനും ശബരിമലയും കേരളത്തെ സംബന്ധിച്ച് ഒരു വികാരമാണ്. ജാതി, മത ചിന്തകള്‍ക്കതീതമായി എല്ലാവരും ശബരിമലയെ ആദരിക്കുന്നു. ആ ശബരിമലയിലാണ് ആചാരത്തിനെതിരായി െതുടര്ച്ചയായി മാര്‍കിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും നിലപാടെടുത്തത്. ഏറ്റവും ഒടുവില്‍ ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തി. പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതവും മുഖ്യമന്ത്രിയുടെ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടും കേരളത്തിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തിരസ്കരിക്കും.