തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. നിലവിലെ സാഹചര്യം രൂക്ഷമായതോടെയാണ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയത്. ട്രയല്‍ റണ്‍ നടത്തിയിട്ടും രക്ഷയില്ലെന്നു കണ്ട് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിരുന്നു. ശേഷവും മഴ കനക്കുന്നതോടെ ജലനിരപ്പ് ഉയരുകയാണ്. സംഭരണ ശേഷി മറികടന്നതോടെയാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഇതോടെ സെക്കന്‍ഡില്‍ 4,00,000 ലക്ഷം ലീറ്റര്‍ (400 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും. രാവിലെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി 1,25,000 ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. ഒരു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അര്‍ധരാത്രിയില്‍ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എംഎം മണിയും കലക്ടറും അറിയിച്ചിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.