പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് കോളേജിലെ എസ്എഫ്ഐ നേതൃത്വം. കോളേജിന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദ്യാര്‍ത്ഥി സംഘടനയും തങ്ങളുടെ പാനലിലെ എല്ലാ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ചിട്ടില്ല.
വിക്ടോറിയ കോളേജില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ 80 ശതമാനവും പെണ്‍കുട്ടികളാണ്. എന്നാല്‍, സംവരണമുള്ള രണ്ട് സീറ്റുകളില്‍ മാത്രമാണ് മിക്കവാറും വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നത്. കോളേജ് ചെയര്‍പേഴ്സണ്‍ ആയി ഒരു പെണ്‍കുട്ടിയും 1976ന് ശേഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല.
ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും 13 സീറ്റുകളിലും പെണ്‍കുട്ടികളെ നിര്‍ത്താനുള്ള തീരുമാനം എല്ലാ വിധത്തിലുമുള്ള സ്ത്രീമുന്നേറ്റങ്ങള്ക്കുമുള്ള തങ്ങളുടെ ഐക്യദാര്ഢ്യമാണെന്നുമാണ് എസ്എഫ്ഐ പറയുന്നത്. ഇവര്‍ വിജയിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും എസ്എഫ്ഐ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.