കോഴിക്കോട്: തെരഞ്ഞെടുപ്പ് സര്‍വേയില്‍ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്മജന് ബോള്‍ഗാട്ടി. താരപദവി പ്രചാരണത്തിന്റെ വേഗതകൂട്ടിയെന്നും ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശിത്തുടങ്ങിയെന്നും ധര്മജന് പറഞ്ഞു.
താന്‍ ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധര്മജന് പരാതിപ്പെട്ടു. ധര്‍മജന്റെ പ്രചാരണ വേദികളില്‍ സെല്‍ഫിയെടുക്കാന്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും തിരക്കാണ്.
നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നടന് ധര്‍മ്മജനെ മത്സരംഗത്തിറക്കിയത്. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്മ്മജന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ അവസരം ലഭിച്ചാന്‍ തന്റെ ജനസേവനം കൂടുതല്‍ വിപുലമാക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു ധര്മ്മജന് പറഞ്ഞത്.
എന്നാല്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിക്ക് ബാലുശേരിയില്‍ സീറ്റ് നല്‍കുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. ധര്‍മ്മജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ നിയോജക മണ്ഡലം കമ്മിറ്റി കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാല്‍ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം.