മൂന്നാര്‍: മഴകനത്തതോടെ സംസ്ഥാനത്ത് ഇതുവരെ 22 ഡാമുകളാണ് തുറന്നത്. പ്രളയ ഭീതിയിലാണ് കേരളം. മഴക്കെടുതിയില്‍ ഇതുവരെ 23 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തനിവാരണ സേന പലയിടത്തും സജ്ജമാണ്. മലപ്പുറത്തും കണ്ണൂരും ഇടുക്കിയിലും ഉരുള്‍പ്പൊട്ടല്‍ ശക്തമാണ്. മൂന്നാറിലെ വെള്ളപ്പൊക്ക ഭീഷണിയില്‍ കുടുങ്ങിയത് വിനോദ സഞ്ചാരികളാണ്. പള്ളിവാസലിലെ റിസോര്‍ട്ടിലാണ് സഞ്ചാരികള്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള നടപടി കൈകൊള്ളുന്നുണ്ട്.
30ഓളം വിനോദസഞ്ചാരികളാണ് രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങള്‍ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും സഞ്ചാരി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടേയും, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശത്തെ മറികടന്ന് ഈ മേഖലയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൊന്നാണ് പ്ലംജൂഡി റിസോര്‍ട്ട്.
ഈ റിസോര്‍ട്ട് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് പലതവണ അധികാരികള്‍ നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി ഇവിടെ പാറയിടിയുകയും തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടാവുകയുമായിരുന്നു. പള്ളിവാസലില്‍ നിന്നും നാല് കിലോമീറ്ററോളം മുകളിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പോലീസിനു പോലും അവിടേയ്ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.