കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വ്വനാശമാണെന്ന് പ്രസ്താവിച്ച എകെ ആന്റണിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് വരുന്നത് സര്‍വ്വനാശമെന്ന് പറയുന്ന ഈ നേതാവ് ബിജെപിയുമായുള്ള ഒത്തുകളി നാശത്തിനാണെന്ന് പറയാന്‍ തയ്യാറാകാത്തതെന്തേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് തരാത്തപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തെ വിമര്‍ശിക്കാറില്ലല്ലോ എന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തില്‍ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ധാരണ എന്നതിലപ്പുറം കേരളം ഇപ്പോള്‍ നേടിയിട്ടുള്ള വികസനനേട്ടങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും യുഡിഎഫിന് ലഭിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും തലശ്ശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നുമാണ് കേരളത്തിലെ ഒരു ബിജെപി നേതാവ് ഇന്നെല പറഞ്ഞത്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ വിജയത്തിനായി ബിജെപി സ്ഥാനാര്‍ഥികള്‍ ആവശ്യമില്ലെന്ന ധാരണയിലാണ് പത്രിക തള്ളിപ്പിക്കാനുള്ള സാഹചര്യം അവര്‍ സൃഷ്ടിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളിലെ ധാരണ പരസ്യമായി ബിജെപി സ്ഥാനാര്‍ഥി തന്നെ പറഞ്ഞുകഴിഞ്ഞെന്നും സുരേഷ് ഗോപിയുടെ പ്രസ്താവന ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പലയിടത്തും കാണുന്നത് ഇത്തരത്തില്‍ പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന സര്‍ക്കാര്‍ നിലപാടിനെ കോണ്‍ഗ്രസ് അംഗീകരിക്കാത്തത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.