കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുമെന്ന നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ജയിക്കാനായി തങ്ങള്‍ ബിജെപിയുടെ വോട്ട് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ ജയിക്കരുതെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞത്.
ന്യൂസ് 18 ചാനലിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്ന പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തലശ്ശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത പശ്ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സംഭവം വലിയ വാര്‍ത്തയായി മാറിയതോടെ നിരവധി പേരാണ് സുരേഷ് ഗോപിയ്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടേയും വോട്ട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയ്ക്ക് വിഷയദാരിദ്ര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.