തിരുവനന്തപുരം: ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ ജനങ്ങളെ സംരക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് ആശംസിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ധര്‍മടത്ത് ഏപ്രില്‍ 3ന് സ്വരലയ സംഘടിപ്പിക്കാന്‍ പോകുന്ന ‘വിജയം’ എന്ന പരിപാടിയുടെ ലോഗോയും മുദ്രാ ഗാനവും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ മുതല്‍ കൊവിഡ് വരെയുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിന്ന ഇന്നത്തെ സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സാധാരണക്കാരന്റെ ദൈനംദിനപ്രശ്നങ്ങളില്‍ ഇടപെട്ട് മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാരുടെ പൊതുകാര്യങ്ങളില്‍ പൂര്‍ണ പിന്തുണ നല്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ദൂരെ നിന്നാണ് കണ്ടിട്ടുള്ളതെങ്കിലും കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കലയിലെ കലാകേന്ദ്രം തുടങ്ങിയ പൊതുകാര്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടപഴകേണ്ടി വന്നപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ സ്നേഹവും ആദരവും തോന്നിയെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
അതേസമയം, വ്യക്തിപരമായി തനിക്ക് ഉമ്മന്‍ ചാണ്ടിയെയും ഇഷ്ടമാണെന്നും അടൂര്‍ പറഞ്ഞു. വിവിധ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേരളത്തില്‍ വിവിധ പാര്‍ട്ടികളുടെ പ്രചാരണം ശക്തമായിരിക്കുകയാണ്.