പാലക്കാട്: മാറി മാറി വന്ന ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയുമായി ഇ ശ്രീധരന്. അയല്‍ സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണെന്നും ഇ ശ്രീധരന് പറഞ്ഞു.
പുറത്ത് നിന്നുള്ള പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. മാറി മാറി വന്ന ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി പുതിയ ഒരു വ്യവസായവും വന്നിട്ടില്ല.
പുതിയ തൊഴിലവസരങ്ങളും കേരളത്തിലില്ല. അതിനാല്‍ വിദ്യാഭ്യാസം നേടിയ ശേഷം കേരളത്തിലെ ആളുകള്‍ അന്യസ്ഥലങ്ങളിലോ, വിദേശത്തോ പോയാണ് ജോലി ചെയ്യുന്നതെന്നും പുറത്ത് നിന്നും നോക്കിയാല്‍ കേരളത്തിന് തകരാറൊന്നുമില്ലെന്നും ഇ ശ്രീധരന് പറഞ്ഞു.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായാണ് താന്‍ കഴിഞ്ഞ 67 വര്‍ഷം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ മുന്പുള്ളതില് നിന്നും വ്യത്യസ്തമാണെന്നും, വലിയ രീതിയില്‍ മുന്നേറുന്ന ബി.ജെ.പി ഒരു വന്‍ ശക്തിയായി മാറുന്നുണ്ടെന്നും ഇ.ശ്രീധരന് വ്യക്തമാക്കി.