പാലക്കാട്: ഏറെ പഴികള്‍ കേള്‍ക്കുമ്പോഴും ജനജീവിതം സുരക്ഷിതമാക്കുന്ന തിരക്കിലാണ് പോലീസുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും. ജീവിതത്തിലെ വിശേഷാവസരങ്ങളെ ആഘോഷിക്കാന്‍ സമയം മാറ്റിവയ്ക്കാന്‍ സമയം കിട്ടാറുമില്ല. മഴ കനത്തതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഡാമുകള്‍ തുറന്നുവിട്ടതോടെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനും പരിശ്രമത്തിലാണ് അവര്‍.
പിറന്നാള്‍ ദിനത്തില്‍ കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പോലീസുകാരന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. ജനങ്ങളെ സഹായിച്ചതില്‍ ലഭിച്ച ചാരിതാര്‍ത്ഥ്യമാണ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന് മനോജ് കുമാര്‍ പറയുന്നു. മനോജ് കുമാറിന്റെ കുറിപ്പ് സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. അയ്യായിരത്തിലധികം പേരാണ് കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്.
”ഇന്ന് (അഗസ്ത്: 9) എന്റെ ജന്മദിനമാണ്. കാലത്ത് 6.00 മണി മുതല്‍ പാലക്കാട് ടൗണില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഉച്ചയ്ക്ക് 11.30 മണിക്കാണ് പ്രഭാത ഭക്ഷണം കഴിക്കുവാനായത്. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതില്‍ ലഭിച്ച ചാരിതാര്‍ത്ഥ്യമാണ് എനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനം. എങ്കിലും ഞാന്‍ മഴയെ ശപിക്കില്ല. മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വഴികള്‍ തടസപ്പെടുത്തിയ മനുഷ്യന്റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ഞാന്‍ ശപിക്കുന്നത്”.