കൊച്ചി: ബിജെപി നേതാവും പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ രംഗത്ത്. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരനെത്തുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് രഞ്ജി പണിക്കര്‍ പരിഹസിച്ചു. കൈരളി ന്യൂസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇ.ശ്രീധരന്, താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്നും അദ്ദേഹത്തിന് ജയസാധ്യത കാണുന്നില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
ഇ. ശ്രീധരന് ജയിച്ചാലും മുഖ്യമന്ത്രിയായാലും അദ്ദേഹത്തോടുള്ള നിലപാടിലും മതിപ്പിലും മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരന് ബി.ജെ.പിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.