തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇരട്ട വോട്ടുണ്ടെന്നാണ് മനസിലാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ അമ്മക്ക് രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോപണം ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇരട്ട വോട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
‘പ്രതിപക്ഷ നേതാവ് നേരത്തെ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ തന്നെ അതിന്റെ പിന്നിലുള്ള കാരണങ്ങളെകുറിച്ച് കടക്കുന്നതിന് മുമ്പ് ആ സ്ത്രീ പരസ്യമായി പറഞ്ഞു ഞാന്‍ കോണ്‍ഗ്രസുകാരിയാണ്. എന്റെ കുടുംബം കോണ്‍ഗ്രസാണ്. എന്റെ വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസാണ് എന്ന്. പിന്നാലെ ന്യായീകരണങ്ങള്‍ വന്നു. ഇത് കള്ളവോട്ടിന് വേണ്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ത്തതാണെന്നാണ് വാദം. ഇപ്പോഴാണ് പുതിയ കാര്യങ്ങള്‍ പുറത്ത് വന്നത്. ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇരട്ട വോട്ടുണ്ടെന്നാണ് മനസിലാവുന്നത്.
യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ക്ക് തന്നെ ഒന്നിലധികം വോട്ടുണ്ടെന്ന് മനസിലാവുന്നു. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. കയ്പമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക രണ്ട് മണ്ഡലങ്ങളില്‍ മൂന്ന് ബൂത്തുകളില്‍ വോട്ടുണ്ടെന്ന് മനസിലായി. കെപിസിസി സെക്രട്ടറിക്ക് രണ്ട് മണ്ഡലങ്ങളിലും കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിക്ക് വട്ടിയൂര്‍ കാവില്‍ വോട്ടുണ്ടെന്നാണ് വാര്‍ത്ത. ഇബ്രാഹിം കുഞ്ഞിന്റെ സഹോദരിയുടെ മകനും ഭാര്യക്കും മൂന്നും നാലും വോട്ടുണ്ടെന്നാണ് വാര്‍ത്ത.
മകന് മത്സരിക്കുന്ന കളമശ്ശേരി മണ്ഡലത്തിലാണ് വോട്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഈ പരിപാടി നടത്തുന്നത് യുഡിഎഫാണെന്ന് മനസിലാക്കാം. ഇത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ അത് പരിശോധിക്കണം. അത് എല്ലാകാലത്തും നടത്താറുണ്ട്. അതൊരു മുന്‍കൂര്‍ ജാമ്യമാണ്. അത്രത്തോളം പറയാന്‍ തയ്യാറാവുന്നത് തെരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്നതിനുള്ള ന്യായം. ഇത്തരം പ്രചാരണം എല്ലായ്പോഴും ഉണ്ടാവാറുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.